പൂമ്പാറ്റകള്‍, ഇടത്തുനിന്നും വലത്തേക്കുപറക്കുന്ന പൂമ്പാറ്റകള്‍

പൂമ്പാറ്റകള്‍!
ഒരുപാടു പൂമ്പാറ്റകള്‍.
ഏല്ലാം റോഡിന്റെ ഇടതുവശത്തുനിന്നും വലതുവശത്തേക്ക് പറക്കുന്നൂ...ആരോ ഒരു പൂന്തോട്ടം പറിച്ചു വലതുവശത്തേക്ക് കൊണ്ടുപോയതിനെ തേടിപ്പോവുന്നപോലെ.

കാറിന്റെ വേഗം ഒട്ടും കുറയ്ക്കാന്‍ കഴിയുന്നില്ല.
പൂമ്പാറ്റകളെ കടത്തിവിട്ടുപോവാനുള്ള ഒരു മാനസികാവസ്തയിലുമല്ല. പല പൂമ്പാറ്റകളും ചില്ലില്‍ വന്നിടിക്കുന്നുണ്ടായിരുന്നു.


ദൂരെ കണ്ണെത്താത്ത ദൂരം വരെ ഒഴിഞ്ഞുകിടക്കുന്ന റോഡ്. പുലരിയുടെ കിരണങ്ങള്‍ റോഡിന്നിരുവശവും മനോഹരമാക്കുന്നുവെങ്കിലും ഇന്നത് കാണാനെനിക്ക് തോന്നുന്നില്ല. ഒരു പാടു ദൂരം ഓടിച്ച ശേഷം എന്നും ഇത്തിരി നേരം നിര്‍ത്തി ആസ്വദിച്ചിരുന്ന കാടിനും ഇന്ന് എന്റെ മനസ്സിനെ തണുപ്പിക്കാനാവുന്നില്ല. റോഡരുകില്‍ നിന്നിരുന്ന മാന്‍കൂട്ടവും എന്നെ ആകര്‍ഷിച്ചില്ല.


മനസ്സില്‍ നിറയെ ആ തോണിയും ആ കടവുമാണ്. ഞാനടക്കമുള്ളവരാണ് അവര്‍ക്കും വഴികാട്ടികളായിരുന്നത്. സ്കൂളില്‍ നിന്നുള്ള എളുപ്പവഴിതന്നെയായിരുന്നു അത്. ബസ്സ് ചുറ്റിവളഞ്ഞെത്തുമ്പോഴേക്കും രണ്ടോ മൂന്നോ കടത്ത് കഴിഞ്ഞിരിക്കും. സ്കൂള്‍ വിടുമ്പോഴുള്ള തിരക്കും ആസമയത്ത് ബസ്സുകള്‍ പതിവായി ട്രിപ്പു മുടക്കുന്നതും കാരണം ബസ്സില്‍ തിരിച്ചുവരാന്‍ ഒരു പാടുസമയം കാത്തു നില്‍ക്കണമായിരുന്നു. തോണിയായിരുന്നു ഒരാശ്വാസം.


വെള്ളം കുറയുമ്പോ നടന്നു കടക്കാവുന്ന ഒരു ചെറിയ കടവാണത്. അതുകാരണം ഒട്ടും പേടികൂടാതേയാണ്` ഞങ്ങള്‍ എന്നും തോണിയില്‍ കയറാറ്. എന്നും ഒരു പാടു കുട്ടികള്‍ ഉണ്ടാവും. തോണിമുഴുവനും കുട്ടികള്‍. ഒരു പക്ഷേ അന്‍പതുകുട്ടികള്‍ വരെ കയറും. എന്നാലും മുമ്പേ പോവുന്ന തോണിയില്‍ കയാറാന്‍ ഓടിവരുന്ന കുട്ടികളുടെ കൂവല്‍ കേള്‍ക്കാം. അതാണ് "ആളുണ്ട് തോണി വിടല്ല്ലേ" എന്ന സിഗ്നല്‍.തോണിയുടെ വശങ്ങളിലിരുന്നാണ് യാത്ര, നടുക്കിരിക്കാനും കുട്ടികളുണ്ടാവും, വൈകുന്നേരങ്ങളില്‍. തോണി കുത്താന്‍ ഉമ്മറാക്ക, കള്ളുകുടിയന്‍ ഉമ്മറാക്ക എന്നുപറഞ്ഞാ എല്ലാരും അറിയും. തോണി ചാലിയാറിന്റെ നടുക്കെത്തുമ്പോ ചിലപ്പോ വെള്ളം തോണീയുടെ സൈഡിലിരിക്കുന്നവരുടെ ഉടുപ്പു നനയ്ക്കും. അത്രയ്ക്ക് കുട്ട്യോളുണ്ടാവും തോണിയില്‍. അപ്പൊ ചിലപ്പോ ചിലരെണീക്കും.അതോടെ തോണീടെ ബാലന്‍സ് പോവും. ആടി ഉലയുന്ന തോണിയുടെ അമരത്തുനിന്നും ഉമ്മറാക്ക ചീത്ത പറഞ്ഞ് കുട്ട്യോളെ സൈഡില്‍നിന്നും താഴെ ഇറക്കിയിരുത്തും. ഇതൊരു സ്തിരം പരിപാടിയാണ്. പുഴയ്ക്കക്കരെ പുളിക്കല്‍ സ്കൂള്‍ കടവിലെത്തിയാല്‍ അരീക്കോടെത്തി. ബസ്റ്റാന്‍റിലേക്കുള്ള ഒരോട്ടമാണ് പിന്നെ. ആദ്യത്തെ ബസ്സില്‍ വീടെത്താന്‍. ക്യ്യൂനിന്നുവേണം ബസ്സുകയറാന്‍. അങ്ങനെ എന്നും ഒരു തോണിയും ബസ്സും സ്കൂളിന്റെ ഒരു ഭാഗമായിരുന്നു.


അന്ന് എന്റെ അനിയത്തിയും അനിയന്‍മാരും വന്നത് ആ തോണിയില്‍ തന്നെയാവും. പെട്ടെന്നക്കരെയെത്തി ബസ്റ്റാന്റിലേക്കോടി ക്യൂ നില്‍ക്കാന്‍ അവരും മനസ്സില്‍ കണ്ടിട്ടുണ്ടാവും. ആ തണുത്തവെള്ളത്തിന്റെ ആഴങ്ങളിലേക്കിറങ്ങാന്‍ അവരാഗ്രഹിച്ചിരിക്കില്ല, ഒരിക്കലും...

കാര്‍ റോഡിന്റെ ഓരം ചേര്‍ന്ന് നിര്‍ത്തി. ഇത്രയും ദൂരം ഡ്രൈവ് ചെയ്തതിന്റെ ക്ഷീണം ശരീരത്തിനോ മനസ്സിനോ തോന്നുന്നില്ല. കടവിലേക്കിറങ്ങി. എല്ലാറ്റിനും സാക്ഷിയായ ആ പഴയ ബോട്ടുജെട്ടിയുടെ മുകളില്‍ കയറി നിന്നു. പുഴയ്ക്ക് ഒഴുക്കു കുറവാണ്. ദൂരെ പുഴയുടെ മറുവശത്തായി കടവിലേക്കിറങ്ങുന്ന കരിങ്കല്‍ പടവുകള്‍ കാണാം.

പരീക്ഷകളും ഇന്റെര്‍വെല്ലും സ്പോര്‍ട്സ് ഡേയും യുവജനോല്‍സവങ്ങളും ഇല്ലാത്ത, സ്വപ്നങ്ങള്‍ കൂടെക്കരുതിയ നോട്ടുബുക്കിന്റെ താളുകളിലേക്ക് നല്‍കി ഞങ്ങളെ പിരിഞ്ഞുപോയ ആ ഏഴ്‌ അനിയന്‍മാരുടേയും ഒരു കുഞ്ഞനിയത്തിയുടേയും ഓര്‍മ്മകള്‍ക്കുമുന്നില്‍ ഒരിത്തിരി കണ്ണീര്‍ പൊഴിച്ചു.

ഇനി വീട്ടിലേക്ക്. കാര്‍ സ്റ്റാര്‍ട്ട് ചെയ്തു , പതുക്കെ മുന്നിലേക്ക് നീങ്ങി. വീണ്ടും പൂമ്പാറ്റകള്‍, പതുക്കെയായതു കാരണം വണ്ടി നിര്‍ത്തി. വെള്ളയില്‍ മഞ്ഞയും കറുപ്പും പുള്ളികളുള്ള സുന്ദരിയായ ഒരു പൂമ്പാറ്റ മുന്നിലും തൂവെള്ള നിറത്തിലുള്ള ഏഴ് മിടുക്കന്‍ പൂമ്പാറ്റകള്‍ പുറകിലും.അതെ, എട്ട് പൂമ്പാറ്റകള്‍. അവയും റോഡിന്റെ ഇടതു വശത്തുനിന്നും വലതു വശത്തേക്ക് പറക്കുന്നൂ. ആരോ എടുത്തുകൊണ്ടുപോയ ആ പൂന്തോട്ടം തേടി...

11 comments:

cALviN::കാല്‍‌വിന്‍ said...

:(

സിമി said...

:(

കിഷോര്‍ലാല്‍ പറക്കാട്ട് said...

:(

the man to walk with said...

parannu poya poompattalkku ..
touching

കണ്ണനുണ്ണി said...

:(...touching

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

വിഷമിപ്പിച്ചു..
:(

മയൂര said...

:(

ശ്രീ said...

:(

Areekkodan | അരീക്കോടന്‍ said...

ബൂലോകത്ത് മര്യാദക്ക് കയറിയിട്ട് ആഴ്ച രണ്ട് ആകാറായി.പോസ്റ്റ് ഇപ്പോള്‍ കണ്ടു.വായിച്ചു കണ്ണു നനഞു.ഞാന്‍ പഠിക്കുന്ന കാലത്തും തോണിക്കാരന്‍ ഉമ്മറക്ക,സഹായി ആയി ബഷീര്‍(ഇപ്പോള്‍ അരീക്കോട്ട് ഫ്രൂറ്റ്സ് ഹോള്‍സൈല്‍ കച്ചവടം,വരവും പോക്കും മാരുതിയില്‍)പിന്നെ നാസര്‍(ഇന്ന് ഗള്‍ഫില്‍ നല്ല നിലയില്‍ കൈല് കുത്തുന്നു).അന്ന് ബസ് ഇല്ല,തോണി മാത്രം.ഇപ്പോള്‍ പേടി തോന്നുന്നു അതാലോചിക്കുമ്പോള്‍...

siva // ശിവ said...

വല്ലാത്ത വേദന തോന്നി. നന്നായി എഴുതിയിരിക്കുന്നു.

തെച്ചിക്കോടന്‍ said...

Touching..:(