പ്രിയപ്പെട്ട സുകുമാരന്‍ മാഷിന്ന്...

പ്രിയപ്പെട്ട സുകുമാരന്‍ മാഷിന്ന്,

സുഖം തന്നെയെന്നു കരുതുന്നൂ. മാഷ് അന്ന് നമ്മടെ വേള്ളാപ്പൊള്ളനുമായൊന്നു കോര്‍ത്തശേഷം അങ്ങു മങ്ങിപ്പോയല്ലോ.. ഇപ്പോ അങ്ങനെ ടീവീലൊന്നും കാണാറിലല്ലോ... എന്തുപറ്റീ ?വയസ്സയീന്നൊരു തോന്നലുണ്ടോ, പക്ഷെ കണ്ടാലിപ്പൊഴും പതിനെട്ടിന്റെ ചെറുപ്പമല്ലേ...

എന്റെ മാഷെ, ഈ എഴുത്തെഴുതുന്നത് പ്രധാനപെട്ട ഒരു കാര്യം പറയാനാണ്.
ഞാനാകെ കഷ്ടത്തിലാണ്. ഏന്നെ ആരും ബഹുമാനിക്കുന്നില്ല. എന്നു മാത്രമല്ല നാട്ടില്‍ നടക്കുന്ന ഒരു കാര്യത്തിനും എന്നെ ക്ഷണിക്കുന്നില്ലാ. എല്ലാം അവന്‍ കാരണമാണ്. എന്‍റെ വീടിന്‍റെ വടക്കുവശത്ത് താമസിക്കുന്ന ആ കണാരന്‍!

കണാരന്‍റെ കാര്യം പറയുമ്പോ മാഷെ ലവനും ഞാനും പണ്ടൊന്ന് ഉടക്കിയതാണ്, വേലിത്തര്‍ക്കത്തിന്‍റെ കാര്യത്തില്‍. അതിന്നു ശേഷം അവന്‍റെ പറമ്പില്‍ കയറി ഇളനീന്‍ കക്കാനും മാങ്ങാ പറിക്കാനും എന്നെ അനുവദിക്കുന്നില്ല. കോഴിയെകക്കാനും രാത്രി തേങ്ങ കക്കാനും എനിക്കുള്ള കഴിവുകണ്ടറിഞ്ഞ് പണ്ടു ഞങ്ങടെ ഗ്രാമം എനിക്കു തന്ന 'മീശ്മാധവന്‍ ' പുരസ്കാരം ഞാന്‍ മാഷിനും കാണിച്ചു തന്നതാണല്ലോ. എന്‍റെ ഈ സര്‍ഗ്ഗവാസനകളെ എനിക്കിപ്പോ പുറത്തെടുക്കന്‍ പറ്റുന്നില്ല. എന്‍റെ ആവിഷ്കാര സ്വതന്ത്ര്യത്തിന്നു മോളിലാണ് കണാരന്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

അവന്‍റെ പറമ്പില്‍ കയറാനും മുന്നില്‍ കാണുന്ന തെങ്ങ് മാവ് എന്നിവയില്‍ ഭൂമീദേവി കനിഞ്ഞനുഗ്രഹിച്ചുതരുന്ന പഴവര്‍ഗ്ഗങ്ങള്‍ കഴിക്കാനും വിലക്കേര്‍പ്പെടുത്താന്‍ അവനെന്തധികാരം? സംഭവം അവന്‍റെ വീട്ടില്‍ വളര്‍ത്തുന്ന കോഴിയാണെങ്കിലും മുട്ടയിടുന്നത് വേലിക്കരികിലല്ലേ... ആ മുട്ട പോലും എനിക്കെടുക്കാന്‍ പാടില്ലെന്നു പറയുന്നത് അവന്‍റെ ധാര്‍ഷ്ട്യമാണ്, അഹങ്കാരമാണ്.


ഈ നാട്ടിലെ മൂരാച്ചികളായ നാട്ടാര്‍ക്കൊന്നും ഞാന്‍ പറയുന്നത് മനസ്സിലാവുന്നില്ല. ഞാന്‍ പലപ്രാവശ്യം കവലയില്‍ നാലാളുകൂടുന്ന നികേഷിന്‍റെ ചായക്കടയിലും വേണുവിന്‍റെ തട്ടുകടയിലും ഈ കാര്യം പറഞ്ഞതാണ്. പക്ഷേ ആരും എന്‍റെ കാര്യങ്ങള്‍ ചെവി കൊള്ളുന്നില്ലാ... ഇപ്പോ വന്നു വന്നു നാട്ടുകാരെല്ലാം അവരവരുടെ പറമ്പുകളില്‍ കയറുന്നതിനെനിക്കു വിലക്കേര്‍പ്പെടുത്തിയിക്കുകയാണ്. നാട്ടുകാരെല്ലാം അവന്‍റെയും ലവന്‍റെ ഒരു ഫ്രണ്ട് മമ്മതിന്‍റേയും കണ്ട്രോളിലാണ്. എന്‍റെ കണ്ട്രോളുപോവുന്ന പ്രധാന കാര്യവും ഇതാണ്.

അതൊന്നും പോരാഞ്ഞ് ഇന്നലെ ഞങ്ങളുടെ നാട്ടില്‍ വീട് വെയ്ക്കാന്‍ വന്ന കുമാരന്‍ സായിപ്പിനോടും ലവന്‍മാരിതു പറഞ്ഞു. ഇപ്പോ വീടുവെക്കാന്‍ വാങ്ങിയപറമ്പില്‍ കുമാരന്‍ സായിപ് എനിക്കവിടെ പ്രവേശിക്കാനധികാരമില്ലെന്നും പറഞ്ഞ് ഒരു ബോര്‍ഡു വെച്ചിരിക്കുന്നൂ. ആ പറമ്പിലെ നെല്ലിമരത്തില്‍ ഞാന്‍ കയറി നെല്ലിക്കപറിച്ചു തിന്ന് വിറ്റാമിന്‍ ക്യാപിറ്റല്‍ 'ഒ' കൂടി എന്റെ ശരീര സൌന്ദര്യം കൂടിയാലോന്നു  എന്നു ഭയം കൊണ്ടാണ് ലവന്‍മാരീ ചെയ്ത്ത് എന്നോടു ചെയ്തത്.

പിന്നെ മാഷോടു പറയാനാണെങ്കില്‍ ഈ കണാരന്‍ അത്ര നല്ലവനൊന്നുമല്ലാ. അവന്‍റെ പ്രായത്തിനനുസരിച്ചുള്ള കയ്യിലിരിപ്പാണോ അവനുള്ളത്? അവനൊക്കെ വിഗ്ഗും വച്ചു നടക്കുന്നത് ഇവടെത്തെ പെണ്‍പിള്ളേരെ തെറ്റിധരിപ്പിച്ച് പ്രേമിച്ചു വഞ്ചിക്കാനല്ലേ. എന്തിനധികം പറയുന്നൂ, ആ വിഗ്ഗ് കണ്ട് ലവനാണ് സുന്ദരനെന്നും മാഷിന് അത്രയ്ക്കു സൌന്ദര്യമില്ലെന്നും പറഞ്ഞ് മാഷ് പണ്ടു കല്ല്യാണമുറപ്പിച്ച പെണ്ണും മാഷോടു ഒരു ചെയ്ത്ത് ചെയ്തതല്ലേ. അതോണ്ടാണല്ലോ മാഷിനിപ്പോഴും ഒറ്റത്തടിയായി നടക്കേണ്ടി വരുന്നത്.
 
അതൊന്നും പോരാഞ്ഞ് അവനെ നായകനാക്കി ഓണ്ടാക്കിയ പള്ളി കമ്മിറ്റി വക നാടകത്തില്‍ ലവന്‍ നായികയോടു ചോദിക്കുന്ന ചോദ്യം! "നിന്റെ മാറിലെ കാണാ ചന്ദനപ്പോട്ട് എനിക്കല്ലേന്ന്! " അയ്യേ.. ഇങ്ങനെയൊക്കെ ചോദിക്കുന്ന ഒരാഭാസനല്ലേ അവന്‍.

എന്നിട്ടാണ് നാട്ടിലെ ധീരതയ്ക്കുള്ള 'പോഞ്ഞിക്കര' അവാര്‍ഡ് അവനു കൊടുക്കാന്‍ തീരുമാനിച്ചത്. അവന്‍ കഴിഞ്ഞ ആഴ്ച കുരുത്തം കെട്ടോന്‍റെ തറവാട്ടുവക കുളത്തില്‍ മുങ്ങിത്താഴ്ന്ന രണ്ടു കുഞ്ഞുങ്ങളെ രക്ഷിച്ചതാണ് അതിന്നു കാരണമെങ്കില്‍ ആ അവാര്‍ഡ് ആ കുഞ്ഞുങ്ങള്‍ക്കല്ലേ കൊടുക്കേണ്ടത്? എന്തു ധൈര്യം വേണം നീന്തലറിയാതെ ആ കുരുത്തം കെട്ട കുളത്തിലേക്കെടുത്ത് ചാടാന്‍!

പിന്നെ അവന് കഴിഞ്ഞമാസം സമ്മാനമായി ലെഫ്റ്റ് ഹാന്‍ഡിലിടാനൊരു മോതിരം കൊടുത്തൂ,പള്ളീലച്ചന്‍! ലവനൊരു ഇടത്തേ കയ്യനായിട്ടായിരുന്നല്ലോ നാടകത്തിലഭിയിച്ചത്. എന്നാല്‍ അവന്‍ യഥാര്‍ത്തില്‍ വലത്തേ കയ്യനായതുകൊണ്ട് ആമോതിരം തിരിച്ചു മേടിക്കാന്‍ പള്ളീലച്ചനെക്കണ്ട് പറ്റാണെങ്കില്‍ മാഷൊന്നു പറയണം...

ഇതൊക്കെ മാഷു പറേണെ കേട്ടാ ഈ നാട്ടുകാര്‍, കലാബോധമില്ലാത്ത ഫാനുകളുപറയും ഇതെല്ലാം ഞാന്‍ മാഷ്ക്കെഴുതിതന്നാതാണെന്ന്.. അതിനെ മറികടക്കാന്‍ മാഷങ്ങട്ട് പറഞ്ഞേക്ക് കണാരനൊന്നും മലയാളമറിയില്ല, ലവനൊക്കെ പറയുന്നത് മറ്റാരോ എഴുതിക്കൊടുത്തതാണെന്ന്..

എന്ന് സ്വന്തം,
തിലോത്തമന്‍.

നോട്ട് ദ പോയിന്റ്...:ഈ കാര്യത്തിനായി മാഷ് നടത്തുന്ന പ്രസംഗം കമ്പ്ലീറ്റ് ഞാന്‍ സ്റ്റേജൊന്നിന് നൂറ്റമ്പതു രൂപേം മൂന്ന് പുഴുങ്ങിയ കോഴിമുട്ടേം പ്രതിഫലമായി അഡ്വാന്‍സ് ബുക്ക് ചെയ്തിരിക്കുന്നൂ.കുറേകാലമായി പൊടിപിടിച്ചിരിക്കുന്ന മാഷിന് ഒന്നു ഷൈന്‍ചെയ്യാനിതൊരു അവസരവുമാവുകയും ചെയ്യും! അതുകൊണ്ടാണ് മുട്ട മൂന്നിലൊതുക്കിയത്. അല്ലേല്‍ ഒരഞ്ചാറെണ്ണമെങ്കിലും തന്നേനെ.


" പക്ഷേ കുരുത്തംകെട്ടോന്റെ കുളം ഇതില്‍ വന്നത് ലാലേട്ടന്റെ സിനിമയില്‍ ആന്റണി പെരുമ്പാവൂരു വരുന്നപോലെ തികച്ചും ആകസ്മികമായി സംഭവിച്ചുപോയതാണ്... "

ബ്ലും!

8 comments:

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

((((((((((ഠോ)))))))))))

Unknown said...

ഇങ്ങനെ പോയാൽ ആഴിക്കോടിനെ കൊണ്ട് പറയിപ്പീക്കേണ്ടി വരും.കൊള്ളാം ഇന്നത്തെ അനുകാലികങ്ങൾ കോർത്തെടൂത്ത നല്ലൊരു രസികൻ സാധനം.

Junaiths said...

പിന്നെ അവന് കഴിഞ്ഞമാസം സമ്മാനമായി ലെഫ്റ്റ് ഹാന്‍ഡിലിടാനൊരു മോതിരം കൊടുത്തൂ,പള്ളീലച്ചന്‍! ലവനൊരു ഇടത്തേ കയ്യനായിട്ടായിരുന്നല്ലോ നാടകത്തിലഭിയിച്ചത്. എന്നാല്‍ അവന്‍ യഥാര്‍ത്തില്‍ വലത്തേ കയ്യനായതുകൊണ്ട് ആമോതിരം തിരിച്ചു മേടിക്കാന്‍ പള്ളീലച്ചനെക്കണ്ട് പറ്റാണെങ്കില്‍ മാഷൊന്നു പറയണം...

lols

Anonymous said...

glum...flim

കണ്ണനുണ്ണി said...

ഹിഹി കോഴി മുട്ട ഇല്ലെങ്കിലും മാഷ്‌ വന്നോളും

Sabu Kottotty said...

ബ്ലും.. ബ്ലും...

Rainbow said...

:)

mjithin said...

adipoli!!!!!